ന്യൂയോർക്ക്:-മലയാളിയായ രാജ് സുബ്രഹ്മണ്യം ഇനി പ്രമുഖ യുഎസ് പാക്കേജ്-ഡെലിവറി കമ്പനിയായ ഫെഡക്‌സ് കോർപ്പിന്റെ പുതിയ സിഇഒ ആയി ചുമതലയേൽക്കും. ഫ്രെഡ് സ്മിത്ത് ജൂൺ ഒന്നിന് പടിയിറങ്ങുന്ന ഒഴിവിലാണ് രാജിന്റെ ഈ നിയമനം. സ്മിത്ത് കമ്പനിയുടെ എക്‌സിക്യൂട്ടിവ് ചെയർമാനാകും. തിരുവനന്തപുരം സ്വദേശിയായ രാജ് സുബ്രഹ്മണ്യം 1987ൽ മുംബൈ ഐഐടിയിൽനിന്നു കെമിക്കൽ എൻജിനീയറിങ് ബിരുദം നേടിയ ശേഷം 1989ൽ യുഎസിലെ സെറാക്യൂസ് സർവകലാശാലയിൽനിന്ന് മാസ്‌റ്റേഴ്‌സും സ്വന്തമാക്കി. തുടർന്ന് ഓസ്റ്റിനിലെ ടെക്‌സസ് സർവകലാശാലയിൽനിന്ന് എംബിഎയും നേടി.
അതേസമയം 56 വയസ്സുകാരനായ രാജ് സുബ്രഹ്മണ്യം 1991-ലാണ് ഫെഡക്‌സിൽ ചേരുന്നത്. ഏഷ്യയിലും അമേരിക്കയിലുമായി നിരവധി ചുമതലകൾ അദ്ദേഹം വഹിച്ചു. പിന്നീട് ചീഫ് മാർക്കറ്റിങ്, കമ്യൂണിക്കേഷൻസ് ഓഫിസറായും ഫെഡക്‌സ് എക്‌സ്പ്രസിന്റെ മേധാവിയായും പ്രവർത്തിച്ചു. 2019ൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസറും കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്‍സ് അംഗവുമായി. 1973-ലാണ് പോസ്റ്റ് ഓഫിസുകളേക്കാൾ വേഗത്തിൽ ചെറിയ പാർസലുകളും കത്തുകളും എത്തിക്കാനായി ഫ്രെഡ് സ്മിത്ത് ഫെഡക്‌സ് കമ്പനി ആരംഭിക്കുന്നത്. അതേസമയം അടുത്ത അരനൂറ്റാണ്ടിനുള്ളിൽ വ്യോമമാർഗവും ലോകമെമ്പാടും പാക്കേജുകൾ എത്തിക്കുന്ന തരത്തിലേക്കു കമ്പനി വളർന്നിരിക്കുകയാണ്. ആളുകളെയും സാധ്യതകളെയും ബന്ധിപ്പിക്കുക വഴി 50 വർഷത്തിനുള്ളിൽ ലോകത്തെതന്നെ മാറ്റാൻ ഫെഡക്‌സിനു കഴിഞ്ഞുവെന്ന് സ്മിത്ത് പറയുന്നു. കമ്പനിയെ മുന്നോട്ട് നയിക്കാൻ പ്രാപ്തനാണ് രാജ് സുബ്രഹ്മണ്യമെന്നും സ്മിത്ത് അഭിപ്രായപ്പെട്ടു.