𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

വാളെടുത്തവരെല്ലാം വെളിച്ചപ്പാട് ആയാൽ കേരളത്തിൽ പാർട്ടി സംപൂജ്യമാകും, അതൃപ്തി ഉണ്ടെങ്കിൽ സുധീരന് രാഷ്ട്രീയകാര്യ സമിതി വിളിക്കാൻ ആവശ്യപ്പെടാമായിരുന്നുവെന്ന് കെ മുരളീധരൻ

തിരുവനന്തപുരം :-കോൺഗ്രസിലെ പുനസംഘടന ഗ്രൂപ്പ് അടിസ്ഥാനത്തിൽ ആകരുതെന്ന ആവശ്യവുമായി കെ മുരളീധരൻ എം പി. പുന:സംഘടന നീളരുതെന്നും എ ഐ സി സി സി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായുള്ള കൂടിക്കാഴ്ചയിൽ മുരളീധരൻ ആവശ്യപ്പെട്ടു.സെമി കേഡര്‍ സംവിധാനത്തില്‍ പോയാലേ പാര്‍ട്ടിക്ക് മെച്ചപ്പെടാനാവൂ. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വയ്പ്പ് പാടില്ല എന്നുതന്നെയാണ് എന്റെ അഭിപ്രായം. ഞാൻ നിർദ്ദേശിക്കുന്നവരിൽ പ്രവർത്തിക്കാത്തവരുണ്ടെങ്കിൽ അവരെ നിർദാക്ഷിണ്യം തള്ളണം. ഭാരവാഹി പട്ടിക രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ച ചെയ്യണം.വാളെടുത്തവരെല്ലാം വെളിച്ചപ്പാടായാല്‍ കോണ്‍ഗ്രസ് കേരളത്തില്‍ സംപൂജ്യമാകും. ഭാരവാഹി പട്ടിക രാഷ്ട്രീയ കാര്യ സമിതിയിൽ ചർച്ച ചെയ്യണം. പുനസംഘടനയിൽ വി എം സുധീരന് അതൃപ്തി ഉണ്ടെങ്കിൽ രാഷ്ട്രീയകാര്യ സമിതി വിളിക്കാൻ ആവശ്യപ്പെടാമായിരുന്നു. പാർട്ടി ചട്ടക്കൂട് വിട്ട് സുധീരൻ പുറത്ത് പോകില്ലെന്നാണ് പ്രതീക്ഷ. സംഘടനയുടെ നന്മക്ക് മാത്രമേ അദ്ദേഹം പ്രവർത്തിക്കുകയുള്ളു. വി എം സുധീരനെ താൻ നേരിട്ട് കാണും – മുരളീധരൻ പറഞ്ഞു.അതേസമയം, കെ.പി.സി.സി പുന:സംഘടന രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് കോൺഗ്രസ് ഹൈക്കമാൻഡ് ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസം തിരുവനന്തപുരത്തുണ്ടായിരുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറാണ് ഈ നിർദ്ദേശം നൽകിയത്.മുതിർന്ന നേതാക്കളുമായി സൗഹൃദ കൂടിക്കാഴ്ചയ്ക്കാണ് താരിഖ് അൻവർ എത്തിയതെങ്കിലും, വി.എം. സുധീരൻ ഉയർത്തിയ അപ്രതീക്ഷിത കലാപം ചർച്ചകളെയാകെ വഴി തിരിച്ചുവിടുകയായിരുന്നു. അങ്കമാലിയിലായിരുന്ന ഉമ്മൻ ചാണ്ടിയെ താരിഖിന് കാണാനുമായില്ല. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലും എ.ഐ.സി.സിയിലും നിന്ന് രാജി വച്ച സുധീരനെ അനുനയിപ്പിക്കാൻ ശ്രമം തുടരുമെങ്കിലും കെ.പി.സി.സി, ഡി.സി.സി പുന:സംഘടനാ ചർച്ചകൾക്ക് അത് തടസ്സമാകില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. സുധീരനെയും മുല്ലപ്പള്ളി രാമചന്ദ്രനെയും പരമാവധി സഹകരിപ്പിക്കാൻ നോക്കിയിട്ടും ഒഴിഞ്ഞുമാറിയ ശേഷം ഇപ്പോൾ ആരോപണങ്ങളുയർത്തുന്നത് നീതീകരിക്കാനാവില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. സംസ്ഥാന നേതൃത്വത്തിൽ പൂർണ്ണ വിശ്വാസമർപ്പിക്കുമ്പോഴും ,എല്ലാവരെയും ചേർത്ത് നിറുത്തി പോകണമെന്ന് ഹൈക്കമാൻഡ് നിർദ്ദേശിച്ചിട്ടുണ്ട്. സ്വന്തം മണ്ഡലമായ വയനാട്ടിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനായി രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്ടെത്തും. സംസ്ഥാന നേതൃത്വം അദ്ദേഹവുമായി നടത്തുന്ന കൂടിക്കാഴ്ചയിലും സംഘടനാ വിഷയങ്ങൾ ചർച്ചയാകും. രാഹുലിന്റെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാവും പുന:സംഘടനയുടെ തുടർചർച്ചകൾ