വെബ്ഡസ്ക് :- രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ മുസ്ലിം വിരുദ്ധ നീക്കങ്ങള്‍ക്ക് വേഗം കൂട്ടിയിരിക്കയാണെന്ന് സുപ്രഭാതം മുഖപ്രസംഗത്തില്‍ പറയുന്നു. ഉത്തരേന്ത്യയില്‍ വഖഫ് സ്വത്തുക്കള്‍ കയ്യേറുന്ന സംഘപരിവാറിനെ കടത്തിവെട്ടുന്നതാണിത്.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ പാലൊളി മുഹമ്മദ് കുട്ടിയെ മറയാക്കിയതുപോലെ വഖഫ് ബോര്‍ഡ് അട്ടിമറിക്കാന്‍ മന്ത്രി വി അബ്ദുറഹ്മാനെ മറയാക്കുകയാണെന്നും ലേഖനം വിമര്‍ശിക്കുന്നു.
ഉത്തരേന്ത്യയില്‍ സംഘ്പരിവാര്‍ വഖ്ഫ് സ്വത്തില്‍ അവകാശ വാദം ഉന്നയിച്ചു കൊണ്ടിരിക്കുകയും പള്ളികള്‍ കൈയേറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു ആസുര കാലഘട്ടത്തില്‍, അവരെ കടത്തിവെട്ടും വിധമാണ് വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള ഇടതുസര്‍ക്കാര്‍ തീരുമാനം ഉണ്ടായിരിക്കുന്നത്. ദേവസ്വം വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ്.സിക്ക് വിടുമെന്നായിരുന്നു സര്‍ക്കാര്‍ ആദ്യം പറഞ്ഞിരുന്നത്.
ഭൂരിപക്ഷ സമുദായത്തില്‍ നിന്ന് രൂക്ഷമായ എതിര്‍പ്പ് വന്നപ്പോള്‍ പി.എസ്.എസിക്ക് പകരം പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡുണ്ടാക്കി. ചോദിക്കാനും പറയാനും ആരുമില്ലാത്ത വിഭാഗമായി കേരളത്തിലെ മുസ്ലിം സമുദായം മാറിപ്പോയി എന്ന ധാരണയാലായിരിക്കാം വഖ്ഫ് ബോര്‍ഡില്‍ മാത്രം പി.എസ്.സി നിയമനം ബാധകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടാവുക. സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന വഖ്ഫ് ബോര്‍ഡില്‍ അത് അട്ടിമറിക്കപ്പെടും. വിവാഹ സഹായം, ചികിത്സാസഹായം, വിദ്യാഭ്യാസ സഹായം, ഖത്വീബ്, ഇമാം പെന്‍ഷനുകള്‍ എന്നിവയെല്ലാം ഓരോരോ കാരണം പറഞ്ഞ് നിഷേധിക്കപ്പെടും.
യതീംഖാനകള്‍ക്കും ഭിന്നശേഷിയുള്ള കുട്ടികള്‍ക്കുമുള്ള സഹായവും കിട്ടാക്കനിയായി മാറും. ഇത്തരമൊരു ദുരന്തമായിരിക്കും ബില്ല് പാസാക്കി നിയമമായാല്‍ കേരളത്തില്‍ സംഭവിക്കുക. വഖ്ഫ് ബോര്‍ഡ് ഗ്രാന്റിനായി മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിട്ട് മാസങ്ങളായി. ഇപ്പോഴും അവഗണിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടാണ് കാര്യക്ഷമത കൂട്ടാനെന്ന് പറഞ്ഞ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനൊരുങ്ങുന്നത്.- സുപ്രഭാതം എഡിറ്റോറിയലില്‍ പറയുന്നു.
You must log in to post a comment.