മുല്ല പെരിയാർ സർക്കാരിന്റെ നിലപാടല്ല ഉദ്യോഗസ്ഥരെടുത്തതെന്ന് മന്ത്രി എ കെ ശശിന്ദ്രൻ;

തിരുവനന്തപുരം :-മുല്ലപ്പെരിയാർ ബേബിഡാമിന് സമീപത്തെ മരം മുറിക്കുന്നതിന് തമിഴ്നാട് സർക്കാരിന് അനുമതി നൽകിയ ഉത്തരവ് കേരളം മരവിപ്പിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടായത് ഗുരുതര വീഴ്ചയാണെന്നും കർശന നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മരം മുറി ഉത്തരവിനെ കുറിച്ച് വാർത്തകൾ വന്നതോടെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്നും വിവാദ ഉത്തരവിട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തന്നോട് ആവശ്യപ്പെട്ടതായും വനം മന്ത്രി അറിയിച്ചു.

”മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് എന്താണെന്ന് ആലോചിക്കാതെയാണ് ഉദ്യോഗസ്ഥർ ഉത്തരവിട്ടത്”. ഇക്കാര്യത്തിൽ അടിയന്തിര റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഈ റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പാണ് ഉത്തരവ് മരവിപ്പിക്കാൻ തീരുമാനിച്ചത്. ഉദ്യോഗസ്ഥ തലത്തിൽ യോഗം ചേർന്നാണ് മരംമുറിക്കുന്നതിനുള്ള ഉത്തരവിട്ടതെന്നാണ് തനിക്ക് അറിയാൻ സാധിച്ചതെന്നും അന്തർ സംസ്ഥാന പ്രശ്നമായ മുല്ലപ്പെരിയാരിൽ സർക്കാരിന്റെ നിലപാടല്ല ഉദ്യോഗസ്ഥരെടുത്തതെന്നും മന്ത്രി വിശദീകരിച്ചു. തുടർ നടപടികൾ മുഖ്യമന്ത്രിയോട് ചർച്ച ചെയ്ത ശേഷം സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു

അതേ സമയം മരം മുറിക്കാനുള്ള ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് സർക്കാർ ഉത്തരവ് മരവിപ്പിക്കാൻ തയ്യാറായത്. വർഷങ്ങളായി നീറിപ്പുകയുന്ന അന്തർ സംസ്ഥാന നദീജലതർക്കത്തിൽ ഒരു ഉദ്യോഗസ്ഥന് മാത്രം എങ്ങിനെ തീരുമാനമെടുക്കാൻ കഴിയുമെന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുകയാണ്. 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതിൽ പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ നന്ദി പറഞ്ഞ് പ്രസ്താവന ഇറക്കുമ്പോൾ മാത്രമാണ് മുഖ്യമന്ത്രിയും വനം മന്ത്രിയുമൊക്കെ അറിഞ്ഞതെന്നാണ് മന്ത്രിമാർ നഷകിയ വിശദീകരണം

പിസിസിഎഫും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ബെന്നിച്ചൻ തോമസ് മരം മുറിക്ക് അനുമതി നൽകിയത് വെള്ളിയാഴ്ചയാണ്. ഉത്തരവിൻറെ പകർപ്പ് ജലവിഭവവകുപ്പിലെ അഡീഷനൽ ചീഫ് സെക്രട്ടറി ടികെ ജോസിനും വെച്ചിട്ടുണ്ട്. ടികെ ജോസാണ് മുല്ലപ്പെരിയാർ ഉന്നതാധികാര സമിതിയിലെ കേരള പ്രതിനിധി. സ്റ്റാലിന്റെ പ്രസ്താവന വരും മുമ്പ് ടികെ ജോസ് എന്ത് കൊണ്ട് ഇക്കാര്യം മുഖ്യമന്ത്രിയെയും ജലവിഭവമന്ത്രിയെയും അറിയിച്ചില്ല എന്നുള്ളതും പ്രധാന ചോദ്യവും അവശേഷിക്കുന്നുണ്ട്. വനം മന്ത്രി ആവശ്യപ്പെട്ട റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഉദ്യോഗസ്ഥരുടെ വിശദീകരണം വ്യക്തമാകുകയുള്ളു.

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading