വെബ് ഡസ്ക് :-ഉമ്മൻ ചാണ്ടിയുടെ നിർദേശങ്ങൾ പരിശോധിച്ച് തീരുമാനിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. സംഘടനാ തെരഞ്ഞെടുപ്പിന് മുമ്പ് മാറ്റങ്ങൾ വേണോയെന്ന് ആലോചിച്ച് തീരുമാനിക്കും. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ ഉമ്മൻ ചാണ്ടി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. മുതിർന്ന നേതാക്കളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ കഴിഞ്ഞെന്ന് വരില്ല സമവായത്തിലൂടെ തീരുമാനങ്ങളെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുനഃസംഘടനയെ കോൺഗ്രസിലെ എ,ഐ ഗ്രൂപ്പുകൾ എതിർക്കുന്നതിനിടെയാണ് താരിഖ് അൻവർ തിരുവനന്തപുരത്തെത്തിയത്. കോൺഗ്രസ് അംഗത്വവിതരണത്തിന്റെ രണ്ടാം ഘട്ടം പൂവാറിൽ താരിഖ് അൻവർ ഉദ്ഘാടനം ചെയ്യും.പുനഃസംഘടനയിൽ എതിർപ്പ് അറിയിച്ച് ഉമ്മൻ ചാണ്ടി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കഴിഞ്ഞ ദിവസം കണ്ടിരുന്നു. രമേശ് ചെന്നിത്തല കത്ത് മുഖേനയും എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ ഗ്രുപ്പ് നേതാക്കളുടെ എതിർപ്പ് അവഗണിച്ച് പുനഃസംഘടനയുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.
സംഘടനാ പ്രശ്‌നങ്ങൾ സോണിയ ഗാന്ധിയുമായി ചർച്ച ചെയ്‌തെന്നും പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്നും സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉമ്മൻ ചാണ്ടി പ്രതികരിച്ചിരുന്നു. പുനഃസംഘടനയുമായി മുന്നോട്ട് പോകുമ്പോൾ സംസ്ഥാനത്തെ നേതാക്കളെക്കൂടി മുഖവലക്കെടുത്തുകൊണ്ട് അവരുടെ അഭിപ്രായങ്ങൾ കൂടി മാനിച്ചുകൊണ്ട് മുന്നോട്ട് പോകണമെന്ന തീരുമാനമാണ് കെ പി സി സി നേതൃത്വത്തിന് ദേശീയ നേതൃത്വം നൽകിയിരിക്കുന്നത്. ഈ അവസരത്തിലാണ് താരിഖ് അൻവറിന്റെ വരവ് പ്രസക്തമാകുന്നത്.ഗ്രൂപ്പുകളുടെ തർക്കം പരിഹരിക്കുന്നതിനായി അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകും.

You must log in to post a comment.