പാലാരിവട്ടം അപകടം: ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങൾ കണ്ടെത്താനായില്ല;

കൊച്ചി:മുൻ മിസ് കേരളയടക്കം മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിലെ ദുരൂഹത നീക്കാനുള്ള ശ്രമത്തിൽ ആണ് കൊച്ചി സിറ്റി പോലീസ്. അപകടത്തെക്കുറിച്ച് പലതരത്തിലുള്ള വിശദീകരണങ്ങളാണ് ഇപ്പോഴുള്ളത്. എന്താണ് സംഭവിച്ചതെന്നതിൽ കൃത്യമായ വിശദീകരണം കണ്ടെത്തിയേ തീരൂ പോലീസിന്. കേസിൽ നിർണായകമായേക്കാവുന്നതാണ് ഫോർട്ടുകൊച്ചി ‘നമ്പർ 18’ ഹോട്ടലിലെ നിശാ പാർട്ടിയുടെ സി.സി.ടി.വി. ദൃശ്യങ്ങൾ. ഹോട്ടലുകാർ ഒളിപ്പിച്ച ആ ദൃശ്യങ്ങൾ കണ്ടെത്താൻ പോലീസിനായിട്ടില്ല.അമിതവേഗത്തിലെത്തിയ കാർ ബൈപ്പാസിലെ മീഡിയനിൽ ഇടിച്ചുകയറി ഉണ്ടായ അപകടം എന്നായിരുന്നു ആദ്യ നിഗമനം.

അപകടത്തിൽ കാറിലുണ്ടായിരുന്ന മുൻ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ (25), മിസ് കേരള മുൻ റണ്ണറപ്പും തൃശ്ശൂർ സ്വദേശിയുമായ അൻജന ഷാജൻ (24) എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ചികിത്സയിലായിരുന്ന തൃശ്ശൂർ സ്വദേശി കെ.എ. മുഹമ്മദ് ആഷിഖ് (25) പിന്നീട് മരിച്ചു.കാർ ഓടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. കാറിൽ വന്ന സംഘം നമ്പർ 18 ഹോട്ടലിൽനിന്ന് നിശാ പാർട്ടി കഴിഞ്ഞിറങ്ങിയതാണെന്ന വിവരം ലഭിച്ചതോടെ ഇവർ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് പോലീസിന് സംശയംതോന്നി. ഇത് പരിശോധിക്കുന്നതിനാണ് പാർട്ടിയുടെ സി.സി.ടി.വി. ദൃശ്യം പരിശോധിക്കാൻ പോലീസ് ഹോട്ടലിൽ എത്തിയത്. എന്നാൽ സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ ഡി.വി.ആർ. ഹോട്ടലുകാർ മാറ്റി. പലതും ഒളിപ്പിക്കുന്നു എന്നു വ്യക്തമായത് അവിടംമുതലാണ്.

പാർട്ടി നടന്ന ഹോട്ടലിലെ ഹാളിലെയും പാർക്കിങ് ഏരിയയിലെയും ദൃശ്യങ്ങൾ മാത്രം മാറ്റിയതാണ് ഹോട്ടലുടമയിലേക്ക് സംശയത്തിന്റെ വിരൽ ചൂണ്ടുന്നത്. ഹാളിൽ നടന്ന കാര്യങ്ങളും കാർ പിന്തുടർന്നതും ഒളിപ്പിക്കാനുള്ള ശ്രമമാണിത്. ചോദ്യംചെയ്യലിൽ ഇതിനെല്ലാം ഉത്തരം നൽകേണ്ടിവരും ഉടമ. ദൃശ്യങ്ങൾ നശിപ്പിച്ചുവെന്നാണ് മൊഴിയെങ്കിലും ഇത് പോലീസ് വിശ്വസിച്ചിട്ടില്ല.

അമിതവേഗത്തിൽ പാഞ്ഞ കാർ ഫോർട്ടുകൊച്ചിയിലെ ഹോട്ടലിൽ നിന്നിറങ്ങിയ സമയംവെച്ചു നോക്കുമ്പോൾ പാലാരിവട്ടം ബൈപ്പാസിൽ എത്തിയത് ഏറെ വൈകിയാണ്. പിന്തുടർന്ന കാറിലുള്ളയാളും അപകടത്തിൽപ്പെട്ടവരും തമ്മിൽ യാത്രയ്ക്കിടയിൽ നിർത്തി എന്തോ സംസാരിച്ചിട്ടുണ്ട്. ഇത് വാക്കുതർക്കമായിരുന്നോ എന്നും പോലീസ് സംശയിക്കുന്നു.

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading

Scroll to Top