ക്രിപ്‌റ്റോ കറന്‍സികള്‍ നിരോധിക്കാന്‍ സാധ്യത; ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന 26 ബില്ലുകളില്‍ ‘ക്രിപ്‌റ്റോകറന്‍സി ബില്ലും’

ന്യൂഡല്‍ഹി: ചില ഇളവുകളോടെ ഇന്ത്യയിലെ എല്ലാ സ്വകാര്യ ക്രിപ്‌റ്റോകറന്‍സികളും നിരോധിക്കുന്നതിനുള്ള ബില്‍ അന്തിമ പരിഗണനയ്ക്കായി നവംബര്‍ 29-ന് ആരംഭിക്കുന്ന ശീതകാല സമ്മേളനത്തില്‍ പാസാക്കുമെന്ന് റിപ്പോര്‍ട്ട്.

സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന 26 ബില്ലുകളില്‍ ‘ക്രിപ്‌റ്റോകറന്‍സി ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഒഫീഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്‍-2021’ ഉള്‍പ്പെടുന്നുണ്ട്.

‘റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി സൃഷ്ടിക്കുന്നതിനുള്ള ഒരു സുഗമമായ ചട്ടക്കൂട് സൃഷ്ടിക്കുക’ എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ഇന്ത്യയിലെ എല്ലാ സ്വകാര്യ ക്രിപ്‌റ്റോകറന്‍സികളും നിരോധിക്കാനാണ് ബില്ലിലൂടെ നീക്കമിടുന്നതെങ്കിലും, ക്രിപ്‌റ്റോകറന്‍സിയുടെ അടിസ്ഥാന സാങ്കേതികവിദ്യയെയും അതിന്റെ ഉപയോഗങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് ചില ഇളവുകള്‍ അനുവദിച്ചേക്കാം.

ക്രിപ്‌റ്റോകറന്‍സി നിര്‍ത്താന്‍ കഴിയില്ലെന്നും, എന്നാല്‍ നിയന്ത്രിക്കേണ്ടതുണ്ടെന്നും നേരത്തെ ക്രിപ്‌റ്റോ ഫിനാന്‍സിന്റെ വിശാലമായ രൂപരേഖകളെക്കുറിച്ചുള്ള ആദ്യത്തെ പാര്‍ലമെന്ററി സമിതി വിലയിരുത്തിയിരുന്നു.

ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍, ബ്ലോക്ക്‌ചെയിന്‍ & ക്രിപ്‌റ്റോ അസറ്റ്‌സ് കൗണ്‍സില്‍ (ബിഎസിസി), വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രതിനിധികളുമായി നവംബര്‍ 16-ന് ജയന്ത് സിന്‍ഹയുടെ അധ്യക്ഷതയിലുള്ള ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചര്‍ച്ച നടത്തിയിരുന്നു.

നിക്ഷേപകരുടെ പണത്തിന്റെ സുരക്ഷിതത്വവും നിക്ഷേപ സാധ്യതകളും അപകടസാധ്യതകളും സംബന്ധിച്ച്‌ മാധ്യമങ്ങളിലെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും ഏറെക്കാലമായി ആശങ്കയ്ക്ക് കാരണമായിരുന്നു.

ഡിജിറ്റല്‍ കറന്‍സികളുടെ നിയന്ത്രണത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിനായി സര്‍ക്കാര്‍ നിരവധി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വിവിധ മന്ത്രാലയങ്ങളിലെയും ആര്‍ബിഐയിലെയും ഉദ്യോഗസ്ഥരുമായി ഉന്നതതല യോഗം ചേര്‍ന്നിരുന്നു.

ഇന്ത്യയിലെ ക്രിപ്‌റ്റോകറന്‍സികളുടെ അനിയന്ത്രിതമായ വളര്‍ച്ചയെക്കുറിച്ച്‌ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

”ക്രിപ്‌റ്റോയില്‍ ഞങ്ങള്‍ക്ക് ആശങ്കകളുണ്ട്. പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച്‌ ഞങ്ങളുടെ നിര്‍ദ്ദേശം സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഈ വിഷയം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. സര്‍ക്കാര്‍ തീരുമാനമെടുക്കും”-ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ബുധനാഴ്ച ഒരു പരിപാടിയില്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു.

Leave a Reply