ആലപ്പുഴ: സംസ്ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എങ്കിലും ജനങ്ങൾ ജാഗ്രതയും പ്രതിരോധവും കൈവിടരുതെന്നും മന്ത്രി പറ‌ഞ്ഞു.

സംസ്ഥാന ആരോഗ്യവകുപ്പ് കുറച്ചു ദിവസങ്ങൾക്കു മുൻപ് പുറത്തുവിട്ട കണക്കനുസരിച്ച് സംസ്ഥാനത്തെ പ്രായപൂർത്തിയായവരിൽ 95 ശതമാനം പേരും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചുകഴിഞ്ഞത് 53 ശതമാനം പേരാണ്. വരുന്ന ജനുവരിയോടെ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരുടെ എണ്ണം 80 ശതമാനമായി ഉയരുമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ എന്നും മന്ത്രി പറഞ്ഞു.

കുട്ടികൾക്കായി സൈഡസ് കാഡിലയുടെയും ഭാരത് ബയോടെക്കിന്റെയും വാക്സിനുകൾക്ക് നേരത്തെ ഐ.സി.എം.ആർ അംഗീകാരം നൽകിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനായുള്ള മുന്നൊരുക്കങ്ങൾ സംസ്ഥാന സർക്കാർ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിന് പൂർണമായ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് തുറന്നത്. നവംബർ പകുതിയോടെ എട്ടാം ക്ളാസ് മുതലുള്ള കുട്ടികളും സ്കൂളിലേക്കെത്തും. ഇതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായും തുറക്കുമെങ്കിലും കുട്ടികളുടെ വാക്സിനേഷൻ പൂർത്തിയായാൽ മാത്രമേ സ്കൂളുകളുടെ പ്രവർത്തനം സാധാരണ രീതിയിൽ നടക്കുകയുള്ളു എന്നും മന്ത്രി പറഞ്ഞു.

%%footer%%