വെബ് ഡസ്ക് :-ശരിക്കും ഇതൊരു റോഡ് ഉദ്ഘാടനമായിരുന്നു എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല, പകരം ഇന്ത്യൻ വ്യോമസേനയുടെ എയർ ഷോയായിരുന്നു എന്ന വിശേഷണമാവും ഉചിതം. ഉത്തർപ്രദേശിലെ പുർവഞ്ചാൽ എക്സ്പ്രസ് വേയുടെഉദ്ഘാടനത്തിന് ഇന്ത്യൻ പ്രധാനമന്ത്രി പറന്നിറങ്ങിയത് വ്യോമസേനയുടെ സി130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനത്തിൽ, അതും ഉദ്ഘാടനം ചെയ്യേണ്ട റോഡിൽ. 22500 കോടി രൂപ ചിലവിട്ട് കേവലം മൂന്ന് വർഷം കൊണ്ട് നിർമ്മിച്ച ആറുവരിയുള്ള എക്സ്പ്രസ് വേ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അഭിമാനപദ്ധതിയായിരുന്നു. ഭീമൻ വിമാനത്തിൽ വന്നിറങ്ങിയ പ്രധാനമന്ത്രിയെ ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്നാണ് സ്വീകരിച്ച് ആനയിച്ചത്. യുപി തലസ്ഥാനമായ ലക്നൗവിനെയും ഗാസിപുരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ആറ് വരി പാതയ്ക്ക് 341 കിലോമീറ്റർ നീളമുണ്ട്. ലക്നൗവിനെ കിഴക്കൻ ജില്ലകളുമായി പ്രധാന നഗരങ്ങളായ പ്രയാഗ്രാജ്, വാരണാസി എന്നിവയുമായി ഈ പദ്ധതി ബന്ധിപ്പിക്കുന്നു. ഇത് കൂടാതെ, ലക്നൗ, ബരാബങ്കി, അമേഠി, അയോദ്ധ്യ, സുൽത്താൻപൂർ, അംബേദ്കർ നഗർ, അസംഗഡ്, മൗ, ഗാസിപൂർ എന്നിവയുൾപ്പെടെ ഒമ്പത് ജില്ലകളിലൂടെയാണ് അതിവേഗ പാത കടന്നുപോകുന്നത്. ലക്നൗവിൽ നിന്ന് ഗാസിപൂരിലേക്കുള്ള യാത്രാ സമയം ആറ് മണിക്കൂറിൽ നിന്ന് മൂന്നര മണിക്കൂറായി കുറയും.
പ്രധാനമന്ത്രിയുടെ വിമാനം പറന്ന് ഇറങ്ങിയതിന് പിന്നാലെ രാജ്യത്തിന്റെ ആകാശ അതിരുകൾ കാക്കുന്ന കരുത്തരായ വ്യോമസേനയുടെ സുഖോയ്, മിറാഷ് വിമാനങ്ങളും എക്സ്പ്രസ് വേയിൽ പറന്നിറങ്ങി. പിന്നാലെ യുദ്ധവിമാനങ്ങളുടെ അഭ്യാസപ്രകടനങ്ങളും അരങ്ങേറി. 2018ൽ ഈ പദ്ധതിക്ക് തറക്കല്ലിടുമ്പോൾ ഇതു പോലെ ഒരു യുദ്ധവിമാനത്തിൽ വന്നിറങ്ങുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്ന് മോദി പ്രസംഗത്തിൽ സൂചിപ്പിച്ചു. കുറഞ്ഞ സമയത്തിനുള്ളിൽ വിജയകരമായി പുർവഞ്ചാൽഎക്സ്പ്രസ്‌വേ പൂർത്തിയാക്കിയ യു പി മുഖ്യമന്ത്രിയെ പേരെടുത്ത് പറഞ്ഞ് അദ്ദേഹം അഭിനന്ദിച്ചു. ഇനി ഏത് അടിയന്തരാവസ്ഥയിലും പൂർവാഞ്ചൽ എക്സ്പ്രസ് വേ വ്യോമസേനയ്ക്ക് കരുത്താവും, നമ്മുടെ യുദ്ധവിമാനങ്ങൾ ഉടൻ ഈ എക്സ്പ്രസ് വേയിൽ വന്നിറങ്ങും പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത ശേഷം ഇന്ത്യൻ വ്യോമസേന 45 മിനിട്ടോളം അഭ്യാസങ്ങൾ നടത്തി കാണികളെ വിസ്മയിപ്പിച്ചു. ‘ടച്ച് ആൻഡ് ഗോ’ എന്ന് പേരിട്ട പ്രകടനത്തിൽ പ്രധാനമന്ത്രി മോദിക്കും മുഖ്യമന്ത്രി യോഗിക്കും മുന്നിൽ യുദ്ധവിമാനങ്ങൾ എയർസ്ട്രിപ്പിൽ നിന്ന് ഒന്നിലധികം ലാൻഡിംഗുകളും ടേക്ക് ഓഫുകളും നടത്തി. സുഖോയ്, മിറാഷ്, റഫാൽ തുടങ്ങിയ വിമാനങ്ങൾ എയർഷോയിൽ പങ്കെടുത്തു
You must log in to post a comment.