തിരുവനന്തപുരം :-സമരം ചെയ്യുന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ പരാതി എത്രയും പെട്ടന്ന് എംജി സര്‍വകലാശാല തീര്‍പ്പാക്കണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആര്‍ ബിന്ദു. ആരോപണ വിധേയനായ അധ്യാപകനെ മാറ്റിനിര്‍ത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി പറഞ്ഞു. അധ്യാപകനെ മാറ്റാനുള്ള സാങ്കേതിക തടസം എന്താണെന്ന് സര്‍വകലാശാലയോടെ മന്ത്രി വിശദീകരണം തേടി.
‘വിദ്യാര്‍ത്ഥിനിയുടെ പക്ഷത്തുനിന്ന് കാര്യങ്ങള്‍ കണ്ട് സര്‍വകലാശാലാ അധികൃതര്‍ പരിഹരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ശ്രമിച്ചിരുന്നു. മാനസികപ്രയാസമോ സാങ്കേതികതടസമോ ഇല്ലാതെ വിദ്യാര്‍ത്ഥിനിക്ക് ഗവേഷണം പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കാമെന്നും ലൈബ്രറി-ലാബ്-ഹോസ്റ്റല്‍ സംവിധാനങ്ങളുള്‍പ്പെടെ എല്ലാ സൗകര്യങ്ങളും നല്‍കാമെന്ന് വിസി ഉറപ്പുകൊടുത്തിരുന്നു. അക്കാര്യം വിദ്യാര്‍ത്ഥിനി വിശ്വാസത്തിലെടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് മനസിലാകുന്നത്.എന്നാല്‍, ആരോപണവിധേയനായ അധ്യാപകന്റെ കാര്യത്തില്‍ വിദ്യാര്‍ത്ഥിനി ആവശ്യപ്പെട്ട നടപടിയെടുക്കാന്‍ സര്‍വകലാശാല തടസമുന്നയിച്ച സാഹചര്യത്തിലാണ് സമരം നീണ്ടുപോയത്.
ഹൈക്കോടതിയും പട്ടികവര്‍ഗ കമ്മീഷനും നേരത്തെ തന്നെ പരാതിയില്‍ ഇടപെട്ടിരുന്നു. ഇതുകൂടി പരിഗണിച്ച് വിദ്യാര്‍ത്ഥിനിയുടെ പരാതി സര്‍വകലാശാല എത്രയും പെട്ടെന്നു തീര്‍പ്പാക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
ആരോപണവിധേയനായ അധ്യാപകനെ പദവിയില്‍നിന്ന് മാറ്റിനിര്‍ത്തി പരാതി അന്വേഷിക്കാന്‍ എന്താണ് സര്‍വ്വകലാശാലയ്ക്ക് തടസമെന്ന് വിശദീകരണം തേടിയിട്ടുണ്ട്. സാങ്കേതികതടസമുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനിലയില്‍ ഉത്ക്കണ്ഠയുണ്ട്. ആരോപണവിധേയനായ അധ്യാപകനെ മാറ്റിനിര്‍ത്തുന്ന കാര്യത്തില്‍ തീരുമാനം ഇനിയും നീണ്ടാല്‍, അധ്യാപകനോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടാന്‍ സര്‍വകലാശാലാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കും. കൊവിഡ് ബാധിതയായി ആശുപത്രിയിലായതിനാലാണ് വിദ്യാര്‍ത്ഥിനിയെ നേരിട്ട് കാണാന്‍ എത്താത്തതെന്നും മന്ത്രി വ്യക്തമാക്കി.
You must log in to post a comment.