ന്യൂസ് ഡസ്ക് :- ഉത്തർപ്രദേശിൽ പശുക്കൾക്കായി പ്രത്യേക ആംബുലൻസ് സർവീസുമായി സർക്കാർ. ഗുരുതര രോഗബാധയുള്ള പശുക്കൾക്കു വേണ്ടിയാണ് സേവനം ആരംഭിക്കുന്നതെന്ന് മൃഗക്ഷേമ – ഫിഷറീസ് വകുപ്പ് മന്ത്രി ലക്ഷ്മി നാരായൺ ചൗധരി പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.രാജ്യത്തെ തന്നെ ആദ്യ പദ്ധതിയുടെ ഭാഗമായി 515 ആംബുലൻസുകൾ ഒരുക്കിയിട്ടുണ്ട്. ഡിസംബറോടെയാണ് പദ്ധതി നിലവിൽ വരിക.
112 എന്ന എമർജൻസി നമ്പരിൽ ബന്ധപ്പെട്ട് ആംബുലൻസ് സേവനം ആവശ്യപ്പെടാവുന്നതാണെന്നും മന്ത്രി പറഞ്ഞു. ഫോൺ ചെയ്ത് പതിനഞ്ച് മിനിറ്റിനകം ആംബുലൻസിനൊപ്പം ഒരു മൃഗഡോക്ടറും രണ്ടു സഹായികളും അടങ്ങുന്ന സംഘം സ്ഥലത്തെത്തും. പരാതിപരിഹാരത്തിനായി തലസ്ഥാനമായ ലക്‌നൗവിൽ കോൾസെന്റർ സ്ഥാപിക്കും.
മൃഗക്ഷേമ പദ്ധതിയുടെ ഭാഗമായി മുന്തിയതരം ബീജോത്പാദനവിദ്യ വികസിപ്പിക്കുകയും സൗജന്യമായി വിതരണം ചെയ്യുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നല്ലയിനം കറവ പശുക്കളെ ഉത്പാദിപ്പിക്കാൻ ഇത് സഹായകമായിരിക്കുമെന്നും സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്നും മന്ത്രി ലക്ഷ്മി നാരായൺ ചൗധരി പറഞ്ഞു.