𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം നവംബർ 19ന്

വെബ് ഡസ്ക് :=മൂന്നു മണിക്കൂർ, 28 മിനുട്ട്, 23 സെക്കൻഡ് സമയം ഗ്രഹണം നീണ്ടുനിൽക്കും. അതിനാൽ 2001 നും 2100 നുമിടയിലെ ഏറ്റവും ദൈർഘ്യമേറിയ ഗ്രഹണമാണിത്

ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം നവംബർ 19ന്. ഈ ആകാശവിസ്മയം സംബന്ധിച്ച് നാസ പുതിയ വിവരങ്ങൾ പുറത്തുവിട്ടു. കാർത്തിക പൂർണിമ നാളാണ് നവംബർ 19. ഈ ദിവസം സൂര്യനും ചന്ദ്രനും ഇടയിലൂടെ ഭൂമി കടന്നുപോകുന്നത് ഏറെ ദൈർഘ്യമുള്ള ചന്ദ്രഗ്രഹണത്തിനിടയാക്കും. മൂന്നു മണിക്കൂർ, 28 മിനുട്ട്, 23 സെക്കൻഡ് സമയം ഗ്രഹണം നീണ്ടുനിൽക്കും. അതിനാൽ 2001 നും 2100 നുമിടയിലെ ഏറ്റവും ദൈർഘ്യമേറിയ ഗ്രഹണമാണിത്. ഇന്ത്യൻ സമയം ഉച്ചക്ക് 1.30 ഓടെ ചന്ദ്രഗ്രഹണം പൂർണ നിലയിലെത്തും. ചന്ദ്രന്റെ 97 ശതമാനം ഭാഗവും ഭൂമിയുടെ മറയിലായി സൂര്യപ്രകാശമില്ലാതാകും. ഇതോടെ ചന്ദ്രന് ചുവപ്പു കലർന്ന നിറമാണുണ്ടാവുക.

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, അരുണാചൽപ്രദേശ് എന്നിവിടങ്ങളിലടക്കം ഗ്രഹണം കാണാനാകും. അമേരിക്കയുടെ 50 സ്‌റ്റേറ്റുകളിലും ഗ്രഹണം ദൃശ്യമാകും. മെക്‌സിക്കോ, ആസ്‌ട്രേലിയ, ഈസ്റ്റ് ഏഷ്യൗ നോർത്തേൺ യൂറോപ്പ്, പസഫിക് ഓഷ്യൻ പ്രദേശം എന്നിവിടങ്ങളും ഗ്രഹണം കാണാനാകും. 21ാം നൂറ്റാണ്ടിൽ ആകെ 228 ചന്ദ്രഗ്രഹണമുണ്ടാകുമെന്നാണ് നാസ അറിയിക്കുന്നത്. നവംബർ 19 കഴിഞ്ഞാൽ അടുത്ത ഗ്രഹണം 2022 മേയ് 16നാണ് ഉണ്ടാവുക.