വെബ്ഡസ്ക്(യു സ് ):- എട്ട് യുഎസ് സ്റ്റേറ്റുകളിലെ അറ്റോർണി ജനറൽമാർ മാർക്ക് സുക്കർബർഗിന്റെ മെറ്റക്കെതിരെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
മെറ്റയുടെ കീഴിലുള്ള ഏറ്റവും ജനപ്രിയമായ സോഷ്യൽ മീഡിയ ആപ്പായ ഇൻസ്റ്റഗ്രാമാണ് വിഷയം. ഇൻസ്റ്റ ഉപയോഗവുമായി ബന്ധപ്പെട്ട ശാരീരികവും മാനസികവുമായ ആരോഗ്യ ദോഷങ്ങളെ കുറിച്ച് ബോധവാന്മാരായിട്ടും കുട്ടികൾക്കും യുവജനങ്ങൾക്കും അത് ലഭ്യമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും എതിരെയാണ് അന്വേഷണം.
യുവ ഉപയോക്താക്കൾ ആപ്പിൽ ഇടപഴകുന്നതിന്റെ ആവൃത്തിയും ദൈർഘ്യവും വർദ്ധിപ്പിക്കുന്നതിനുള്ള മെറ്റയുടെ പുതിയ സാങ്കേതിക വിദ്യകൾ അധികൃതർ പരിശോധിക്കുന്നുണ്ട്. ഒപ്പം, ദീർഘ നേരത്തേക്ക് ആപ്പ് ഉപയോഗിച്ചാൽ യുവാക്കളിൽ അതുണ്ടാക്കുന്ന ദോഷഫലങ്ങളെ കുറിച്ചും പരിശോധനകൾ നടത്തുന്നുണ്ട്.
മെറ്റയുടെ കീഴിലുള്ള ഇമേജ് ഷെയറിങ് ആപ്പായ ഇൻസ്റ്റഗ്രാമിനെതിരെ കാലങ്ങളായി ഉയരുന്ന പരാതിയാണ് അത് കുട്ടികളിലുണ്ടാക്കുന്ന വിപരീത സ്വാധീനം. പ്രത്യേകിച്ച് പെൺകുട്ടികളുടെ മാനസികാരോഗ്യത്തെ ഇൻസ്റ്റഗ്രാം സാരമായി ബാധിക്കുന്നതായി അവരുടെ തന്നെ ഗവേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.
പെൺകുട്ടികളിൽ അവരുടെ ശരീരത്തെ കുറിച്ചുള്ള അപകർഷതാബോധം സൃഷ്ടിക്കുകയും കൗമാരക്കാരിൽ ആത്മഹത്യ പ്രവണതയും വിഷാദ രോഗവും ആശങ്കയും ഉണ്ടാക്കുകയാണ് ഇൻസ്റ്റഗ്രാം ചെയ്യുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, അന്ന് ഫേസ്ബുക്ക് അധികൃതർ അതെല്ലാം നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ലീക്കായ ഗവേഷണ റിപ്പോർട്ട് മാസങ്ങൾക്ക് മുമ്പ് വാൾസ്ട്രീറ്റ് ജേർണലാണ് പുറത്തുവിട്ടത്. അതേസമയം, ഇന്‍സ്റ്റഗ്രാം കുട്ടികളുടെ മാനസികാരോഗ്യത്തെ ചെറിയ രീതിയില്‍ മാത്രമേ ബാധിക്കുന്നുള്ളൂ എന്നാണ് മേധാവി ആദം മൊസേരിയുടെ പക്ഷം.
You must log in to post a comment.