തിരുവനന്തപുരം:മായമല്ല മന്ത്രമല്ല,മനുഷ്യസ്‌നേഹംകൊണ്ടൊരു മഹാവിസ്‌മയം. മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ പുതിയ തീരുമാനത്തെ ഇങ്ങനെയല്ലാതെ വിശേഷിപ്പിക്കാനാകില്ല. ഇന്ദ്രജാലംകൊണ്ട്‌ മലയാളിയുടെ ഹൃദയം കീഴടക്കിയ മുതുകാട്‌ പ്രതിഫലം വാങ്ങിയുള്ള പ്രൊഫഷണൽ മാജിക്‌ ഷോ അവസാനിപ്പിച്ച് ജീവിതം ഭിന്നശേഷികുട്ടികൾക്കായി ഉഴിഞ്ഞുവയ്ക്കുന്നു.ഇതും ഒരു മാജിക്കാണോ എന്ന്‌ സംശയിക്കുന്നവരോട്‌ അദ്ദേഹം പറയുന്നതിങ്ങനെ.‘ഭിന്നശേഷി കുട്ടികൾക്കായി സർവകലാശാല സ്ഥാപിച്ച്‌ ഒരു മഹാത്ഭുതം സൃഷ്ടിക്കാനാണ്‌ ഞാൻ ഒരുങ്ങുന്നത്‌. ആലോചിച്ചെടുത്ത തീരുമാനമാണ്‌. ഭിന്നശേഷി കുട്ടികളുടെ സംതൃപ്‌തിയോ, മാജിക്കോ. രണ്ട്‌ ചോദ്യമാണ്‌ മനസ്സിലുണ്ടായിരുന്നത്‌. ഒടുവിൽ ഈ തീരുമാനമെടുത്തു. 45 വർഷം ലഭിച്ച വേദിയും കാണികളുടെ ആരവവും നഷ്ടമാകും. അതിനേക്കാൾ വലുതാണ്‌ കുട്ടികൾക്ക്‌ ലഭിക്കുന്ന പുതുജീവിതം. മാജിക്കുമായി പോയാൽ അവർക്കൊപ്പം നിൽക്കാനാകില്ല.

അതുകൊണ്ട് ഇനിയൊരു മടങ്ങിവരവില്ല’. ഒരു പരിപാടിക്കിടെ ഭിന്നശേഷി കുട്ടിയുടെ അമ്മയുടെ ഹൃദയംപൊള്ളിച്ച അനുഭവമാണ് മുതുകാടിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. കുറച്ച്‌ കുട്ടികളെ ചേർത്തുപിടിച്ച്‌ ചെറിയപരിശീലനം നൽകി. യാത്ര മുന്നേറിയപ്പോൾ എണ്ണംകൂടി.ഇപ്പോൾ കഴക്കൂട്ടം മാജിക്‌ പ്ലാനറ്റിൽ 100 മിടുക്കരുണ്ട് അമ്പരപ്പിക്കുന്ന പ്രകടനവുമായി. അവർക്ക്‌ നിശ്ചിത പ്രതിഫലവും നൽകുന്നു. ഏഴാം വയസ്സിൽ മാജിക്‌ പഠിക്കാൻ തുടങ്ങിയ മുതുകാടിന്റെ ആദ്യ അവതരണം പത്താം വയസ്സിലായിരുന്നു. അവതരണം പൊട്ടി.

അന്ന്‌ ആ കുട്ടി മജീഷ്യന്‌ കരുത്തായത്‌ പരാജയത്തിൽനിന്ന്‌ പാഠം പഠിക്കണമെന്ന അച്ഛന്റെ വാക്ക്‌. ജീവിതത്തിൽ വീണ്ടും പതറി. ബസ്‌ ബിസിനസ്‌ തകർന്നപ്പോൾ ആത്മഹത്യാ ശ്രമം. അതും പരാജയം. പിന്നെ സ്വന്തം ട്രൂപ്പ്‌ തുടങ്ങി മാജിക്‌ അവതരണത്തിലേക്ക്‌. കഠിനാധ്വാനത്തിന്റെ കരുത്തിൽ വിജയം. ഒടുവിൽ ഈ ചരിത്ര തീരുമാനവും.

Leave a Reply