𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

അറബി കടലിന്റെ സിംഹം (മരക്കാർ )ഡിസംബർ രണ്ടിന് തിയേറ്ററുകളിൽ

തിരുവനന്തപുരം: ആരാധകരുടെ ആഗ്രഹം തന്നെ നടന്നു.
മരക്കാര്‍ തിയേറ്ററുകളിലേക്ക്. ഡിസംബര്‍ 2ന് ചിത്രം റിലീസ് ചെയ്യും. ആന്റണി പെരുമ്പാവൂർ വിട്ടുവീഴ്ച ചെയ്തെന്ന് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചുതിയറ്റര്‍ ഉടമകളില്‍ നിന്നും മിനിമം ഗ്യാരണ്ടി വേണമെന്ന ഉപാധി നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ വേണ്ടെന്നു വച്ചെന്നും ഉപാധികളില്ലാതെയാകും ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.
മോഹന്‍ലാലും ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കളും കഴിഞ്ഞ ദിവസം ‘മരക്കാര്‍’ കണ്ടിരുന്നു. സിനിമ കണ്ടിറങ്ങിയവരെല്ലാം ഗംഭീര അഭിപ്രായമാണ് പറഞ്ഞതും. തിയറ്റര്‍ റിലീസിനു ശേഷമാകും ചിത്രം ഒടിടിയില്‍ പുറത്തിറങ്ങുക. സാധാരണ തിയറ്റര്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ 42 ദിവസത്തിനു ശേഷമാണ് ഒടിടിക്കു നല്‍കുന്നത്. വിജയ് ചിത്രം ‘മാസ്റ്റര്‍’ തിയറ്ററില്‍ റിലീസ് ചെയ്ത് 16 ദിവസത്തിനുള്ളില്‍ പ്രൈമില്‍ എത്തിയിരുന്നു. എന്നാല്‍ ‘മരക്കാറു’മായുള്ള പ്രൈമിന്റെ കരാര്‍ എങ്ങനെയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല.
തിയേറ്ററില്‍ റിലീസ് ചെയ്യുന്നതിന് വേണ്ടി നടന്ന ചര്‍ച്ചകള്‍ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിമാറി ഒടുവില്‍ ഒടിടി റിലീസ് പ്രഖ്യാപനം വന്നതോടെ കടുത്ത നിരാശയില്‍ ആയിരുന്നു ആരാധകര്‍. പുതിയ പ്രഖ്യാപനം ഏറ്റവും സന്തോഷിപ്പിക്കുക ലാല്‍ ഫാന്‍സിനെ തന്നെ.
റിലീസ് ദിവസം പുലര്‍ച്ചെ മുതല്‍ ഫാന്‍സിന് വേണ്ടി പ്രത്യേക പ്രദര്‍ശനം നടത്താന്‍ 2019ല്‍ തന്നെ ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ ടിക്കറ്റ് വിറ്റഴിച്ചിരുന്നു. മോഹന്‍ലാല്‍ ആരാധകരുടെ ഔദ്യോഗിക സംഘടനയാണ് ടിക്കറ്റ് വിറ്റിരുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഫാന്‍സ് ഷോ നടത്തി മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും ബജറ്റുള്ള പീരിഡ് ഡ്രാമ ആഘോഷമാക്കാനുള്ള ആഗ്രഹമാണ് സഫലമാകുന്നത്.
ചരിത്രത്തിലെ തന്നെ വലിയ പ്രതിസന്ധിക്ക് ശേഷം തിയറ്റുകള്‍ വീണ്ടും ഉണരുമ്ബോള്‍ വലിയ പ്രതീക്ഷ അര്‍പ്പിച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം. എന്നാല്‍ ചിത്രം ഒടിടി റിലീസിന് നല്‍കാനുള്ള തീരുമാനം വന്നതോടെ വലിയ പ്രതിഷേധങ്ങളും ചര്‍ച്ചകളുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം നടന്നത്.
തിയറ്ററിന് വേണ്ടി ഡിസൈന്‍ ചെയ്ത കാലാപാനിക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ ഡ്രീം പ്രൊജക്‌ട് മൊബൈല്‍ സ്‌ക്രീനിലേക്ക് ചുരുങ്ങിയതിലെ നിരാശ ആരാധകരും പ്രകടിപ്പിച്ചിരുന്നു.
‘മരക്കാര്‍ സിനിമയെക്കുറിച്ച്‌ ചിന്തിച്ച്‌ തുടങ്ങിയപ്പോഴും ഒടുവില്‍ അത് പൂര്‍ത്തിയായപ്പോഴും തിയറ്റര്‍ റിലീസ് മാത്രമാണ് ആലോചിച്ചിരുന്നത്. അതിനായാണ് കാത്തിരുന്നത്.’ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം സ്വീകരിച്ച ശേഷം നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞതിങ്ങനെയാണ്.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രം രണ്ടു വര്‍ഷം കൊണ്ട് ഏതാണ്ട് 100 കോടിക്കടുത്ത് ചെലവിട്ടാണ് നിര്‍മ്മിച്ചത്. 2020 മാര്‍ച്ച്‌ 26ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് മൂലം മാറ്റി വയ്ക്കപ്പെട്ടു. പിന്നീട് പല റിലീസ് തിയതികള്‍ പ്രഖ്യാപിക്കപ്പെട്ടെങ്കിലും മറ്റു പല കാരണങ്ങളാല്‍ അതൊന്നും നടന്നില്ല.